കൊച്ചിയില്‍ ആവേശമായി മോദിയുടെ റോഡ്ഷോ

Kerala

. ഇന്ന് വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി:കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ഇന്നലെ രാത്രി 7.40ഓടെയാണ് റോഡ്ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന ജനാവലിയെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും തുറന്ന വാഹനത്തില്‍ മോദിയെ അനുഗമിച്ചു. കെ. പി. സി.സി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമായിരുന്നു റോഡ് ഷോ. റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തായിട്ടാണ് ജനാവലി റോഡ്ഷോയെ സ്വീകരിക്കാനായി കാത്തുനിന്നത്.മോദി, മോദി വിളികളോടെയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയെ വരവേറ്റത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 6. 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഏഴ് മണിയോടെ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു.കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി,ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, രാഷ്ട്രീയ പാര്‍ട്ടി, സംഘടനാ പ്രതിനിധികളായ, എ.എന്‍. രാധാകൃഷ്ണന്‍, പി.എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണന്‍, സതീഷ്, രമ ജോര്‍ജ്, പി.ടി. രതീഷ്, വി.ടി. രമ, വി.എ. സൂരജ്, കെ.പി. മധു, എന്‍. ഹരിദാസന്‍ തുടങ്ങിയവരും സ്വീകരിക്കാന്‍ നെടുമ്പാശേരിയിലുണ്ടായിരുന്നു.
രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഇന്ന് രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഗുരുവായൂര്‍ക്ഷേത്രദര്‍ശനം നടത്തും. തുടര്‍ന്ന് 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും. 9.45ന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെയെത്തി ദര്‍ശനം നടത്തി കൊച്ചിക്ക് പോകും.ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിംഗ്ടണ്‍ ഐലന്‍റില്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് വന്‍കിട പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും.4000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്‍റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്‍റര്‍ നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി, ഐ.ഒ.സിയുടെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.ഒന്നരയോടെ കൊച്ചി മറൈന്‍ഡ്രൈവില്‍ എത്തുന്ന നരേന്ദ്രമോദി ബി.ജെ.പി പരിപാടിയില്‍ പങ്കെടുക്കും. മൂന്നരയോടെ നെടുമ്പാശേരിയില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *