കൈവിരലിനു പകരം കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു

Kerala

. സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍
. ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇന്നലെ രാവിലെയാണ് ചെറുവണ്ണൂര്‍ സ്വദേശിയായ കുട്ടിയുമായി രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായെന്ന് പറഞ്ഞ് കുട്ടിയെ നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരികയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അന്വേഷിച്ചത്. കൈയിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതര്‍ സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.എന്താണു സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ കുട്ടിയുടെ വീട്ടുകാരോടു മാപ്പുപറഞ്ഞു.
സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇനി ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ല. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. ഈ ശസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണം എന്നും പിതാവ് ആവശ്യപ്പെട്ടു. ശസ്ത്രക്രിയ നടത്തിയപ്പോള്‍ പിഴവു സംഭവിച്ചെന്ന പരാതിയില്‍ ഡോ.ബിജോണ്‍ ജോണ്‍സനെ സസ് പെന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു നടപടി. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന ഇപ്പോഴും പോരാട്ടം തുടരുന്നതിനിടെയാണ് വീണ്ടും ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *