ക്വലാ ലംപുര്‍: അഴിമതിക്കേസില്‍ കുറ്റാരോപിതനായ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി മുഹ്യിദീന്‍ യാസിന്‍ അറസ്റ്റില്‍. കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യത്തെ സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനായി തുടങ്ങിയ നിര്‍മാണ പദ്ധതികളുടെ കരാറുകാരില്‍ നിന്ന് കോഴ വാങ്ങിയതിനാണ് യാസീനെ കസ്റ്റഡിയിലെടുത്തത്.75 വയസുകാരനായ യാസീന്‍ മലേഷ്യന്‍ അഴിമതി വിരുദ്ധ വിഭാഗം(എംഎസിസി) മുമ്പാകെ ചോദ്യംചെയ്യലിനായി ഇന്നലെ രാവിലെ ഹാജരായിരുന്നു. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ ഉടന്‍ അധികൃതര്‍ യാസീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യാസീനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാര്‍ച്ച് 2020-ല്‍ രാജ്യത്തന്‍റെ പ്രധാനമന്ത്രിയായ യാസീന്‍ 2021-ല്‍ നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരുന്നു. നിലവിലെ പ്രധാനമന്ത്രിയായ അന്‍വര്‍ ഇബ്രാഹിം നടത്തുന്ന അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമാണ് യാസീന്‍റെ അറസ്റ്റ്.അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ മലേഷ്യന്‍ പ്രമുഖനാണ് യാസീന്‍. കോഴക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് 2022 ജൂലൈ മുതല്‍ തടവിലാണ്.
