കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടി.15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. പെരിന്തല്‍ മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. കേന്ദ്രത്തിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ച കാരണമാണ് പ്രതി രക്ഷപ്പെട്ടതെന്ന് കമ്മീഷന്‍ പ്രാഥമികമായി വിലയിരുത്തി. കേസ് സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഇക്കഴിഞ്ഞ ഏപ്രില്‍ 7 ന് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിരുന്നു.കമ്മീഷന്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഉത്തരവ് നല്‍കിയത്.