നാഗ്പൂര്‍: നാഗ്പൂരില്‍ ദേശീയ സബ്ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ കേരള ടീം അംഗം അന്തരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) ആണ് മരിച്ചത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.ഇന്നലെ രാവിലെയായിരുന്നു അന്ത്യം.ഡിസംബര്‍ 20നാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നിദ നാഗ്പൂരില്‍ എത്തിയത്.കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ അണ്ടര്‍ 14 താരം കൂടിയാണ്.
ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്ന് കോടതി ഉത്തരവിലൂടെയാണ് നിദയുള്‍പ്പെട്ട സംഘം മത്സരത്തിനെത്തിയത്. എന്നാല്‍ ഇവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന്‍ നല്‍കിയില്ല. രണ്ട് ദിവസം മുന്‍പ് നാഗ്പൂരില്‍ എത്തിയ ടീം താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞത്. മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന്‍ പറഞ്ഞിരുന്നു.