കേരള പേപ്പര്‍ പ്രോഡക്റ്റ് സ് ലിമിറ്റഡിനെ രാജ്യത്തെ മുന്‍നിര കമ്പനിയാക്കും: മുഖ്യമന്ത്രി

Top News

കോട്ടയം: കേരള പേപ്പര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡിനെ രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വെള്ളൂരില്‍ കെ.പി.പി. എല്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.നാലുഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3000 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണിന്‍റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്ക്കരണത്തിനൊരുങ്ങിയ ഒരു സ്ഥാപനം ഇത്തരത്തില്‍ അഭിവൃദ്ധിപ്പെടുത്താനായതില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ മുഴുവന്‍ അംഗങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പങ്കുണ്ട്. ഒരു നാടിന് ഉണ്ടാകേണ്ട ആരോഗ്യകരമായ സമീപനം എല്ലാവരില്‍ നിന്നും ലഭിച്ചുവെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി മെഷീനുകളുടെ സ്വിച്ച് ഓണ്‍ കര്‍മവും കെപിപിഎല്‍ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.ഒന്നാം ഘട്ടത്തില്‍ പേപ്പര്‍ മെഷീന്‍, ഡീ ഇന്‍കിങ്ങ് പ്ലാന്‍റ്, പവര്‍ ബോയ്ലര്‍ മറ്റനുബന്ധ യന്ത്രോപകരണങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം 34.30 കോടി രൂപ ചെലവില്‍ അഞ്ചു മാസത്തിനകം പൂര്‍ത്തീകരിക്കാനായി. ഇതിലൂടെ ആദ്യ റീല്‍ പേപ്പറിന്‍റെ ഉത്പാദനം സാധ്യമായി.
രണ്ടാംഘട്ടത്തില്‍ പള്‍പിങ്ങ് പ്ലാന്‍റുകളുടെ പുനരുദ്ധാരണത്തിനായി അനുവദിച്ചിട്ടുള്ള 44.94 കോടി രൂപയ്ക്ക് പുറമെ 75.15 കോടി രൂപയുടെ മൂലധന നിക്ഷേപമുള്‍പ്പെടെ കെ പി പി എല്ലിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനായി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 154.39 കോടി രൂപയാണ് ചെലവിടുന്നത്. 1000 കോടി രൂപ മുടക്കി 46 മാസം കൊണ്ട് മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളും പൂര്‍ത്തീകരിക്കും. പാക്കേജിംഗുമായി ബന്ധപ്പെട്ട പേപ്പര്‍ ഉത്പാദനം നടത്തി പ്രവര്‍ത്തനം വൈവിധ്യ വത്ക്കരിക്കാനുള്ള കെ. പി. പി. എല്ലിന്‍റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. പ്ലാസ്റ്റിക്കിനേക്കാള്‍ പ്രകൃതി സൗഹൃദമാണ് പേപ്പര്‍ എന്നുള്ളതുകൊണ്ടു തന്നെ ആളുകള്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ പ്രയോജനം ചെയ്യും. കമ്ബോളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഇത്തരം സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
ഇത്തരം ഉത്പാദനത്തിനായി ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. പരിശീലനത്തിലൂടെ മാത്രമേ ജീവനക്കാരെ നവീകരിക്കാനാകൂ.കേരളത്തിലെ വ്യവസായ മേഖലയെ കാലാനുസൃതമായി നവീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഐ. ടി., ടൂറിസം, ബയോടെക്നോളജി, കാര്‍ഷിക മേഖല, ഭക്ഷ്യ വസ്തുക്കളുടെ മേഖല തുടങ്ങി വിവിധ മേഖലകളിലെല്ലാം വലിയ തോതില്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതേസമയം വൈദ്യുതി വാഹനങ്ങളുടെ ഉത്പാദനത്തിലൂടെ പ്രകൃതി സൗഹൃദ വ്യവസായ വളര്‍ച്ചയ്ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *