.സമരാഗ്നിയാത്ര സമാപിച്ചു
തിരുവനന്തപുരം: കെ.പി. സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നിയാത്ര സമാപിച്ചു. സമാപനസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ മോദി സര്‍ക്കാരിനെതിരെ നിലകൊള്ളുന്നവരാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തില്‍ മോദിയെയും ബി.ജെ.പിയെയും എത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരാണ്. എന്‍.ഡി.എ എന്നാല്‍ വിഭജനമെന്നാണ് അര്‍ത്ഥം. ഇത്തവണ കേരളത്തില്‍ കഠിനപ്രയത്നം ചെയ്താല്‍ 20 സീറ്റും നേടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് സാധിക്കും. രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നില്ലെങ്കില്‍ മണിപ്പൂര്‍ വീണ്ടും ആവര്‍ത്തിക്കും. നരേന്ദ്രമോദിക്കെതിരെ പോരാടാന്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി ആരെങ്കിലും ബി.ജെ.പിയില്‍ ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഇത് മോദിക്കെതിരായ യുദ്ധമാണെന്നും പറഞ്ഞു.
നരേന്ദ്ര മോദി ഭരണത്തില്‍ സമ്പന്നര്‍ സമ്പന്നരായും ദരിദ്രര്‍ ദരിദ്രരായും തുടരുന്നുവെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റിന്‍റെ വിമര്‍ശനം. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ബി.ജെ.പി തകര്‍ത്തു. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സ്ഥാപനങ്ങളാണിത്. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് ശക്തമായി തിരിച്ചു വരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഫെബ്രുവരി ഒമ്പതിന് കാസര്‍ക്കോട് നിന്നാണ് സമരാഗ്നി പ്രക്ഷോഭ യാത്ര തുടങ്ങിയത്. 22 ദിവസങ്ങളായി 14 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ മുഴുവന്‍ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടികളും ഒരുക്കിയിരുന്നു.