. കേരളചരിത്രത്തില്‍ ആദ്യമായി ലോക്സഭയില്‍ ബി.ജെ.പി എം പി യായി സുരേഷ് ഗോപി
. ഇടതുമുന്നണിക്ക് ഇക്കുറിയും ഒരു സീറ്റ് മാത്രം
യു.ഡി.എഫ് – 18 എല്‍.ഡി.എഫ്- 01 എന്‍.ഡി.എ – 01
തിരുവനന്തപുരം: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. 20 സീറ്റില്‍ 18 സീറ്റും യു.ഡി.എഫ് തൂത്തുവാരി. ഒരു സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞു. തൃശ്ശൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ സുരേഷ് ഗോപി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. കേരളത്തിനു ലഭിച്ചത് മൂന്നു പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂര്‍), ഷാഫി പറമ്പില്‍(വടകര), കെ.രാധാകൃഷ്ണന്‍ (ആലത്തൂര്‍) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍. ശശി തരൂര്‍ (തിരുവനന്തപുരം) അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍) എന്‍.കെ.പ്രേമചന്ദ്രന്‍ (കൊല്ലം) ആന്‍റോ ആന്‍റണി (പത്തനംതിട്ട) കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര) കെ.സി.വേണുഗോപാല്‍ (ആലപ്പുഴ) ഫ്രാന്‍സിസ് ജോര്‍ജ് (കോട്ടയം)ഡീന്‍ കുര്യാക്കോസ് (ഇടുക്കി) ഹൈബി ഈഡന്‍ (എറണാകുളം) ബെന്നി ബഹനാന്‍ (ചാലക്കുടി) വി.കെ.ശ്രീകണ്ഠന്‍ (പാലക്കാട്) ഇ.ടി.മുഹമ്മദ് ബഷീര്‍ (മലപ്പുറം) എം.പി.അബ്ദുല്‍ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവന്‍ (കോഴിക്കോട്) ഷാഫി പറമ്പില്‍ ( വടകര) രാഹുല്‍ ഗാന്ധി (വയനാട്) കെ. സുധാകരന്‍ (കണ്ണൂര്‍), രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്) എന്നിവരാണ് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. ആലത്തൂരില്‍ കെ.രാധാകൃഷ്ണനാണ് വിജയിച്ച ഏക ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.
ആലപ്പുഴയില്‍ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, തൃശൂരില്‍ കെ.മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിംഗ് എംപിമാര്‍. കെ.സി.വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ഒരിടവളേയ്ക്കു ശേഷമാണ് വീണ്ടും ലോക്സഭയിലേക്ക് പോകുന്നത്. ഇതാദ്യമായി സുരേഷ് ഗോപിയിലൂടെ ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് ആദ്യമായി ലോക്സഭാ എംപിയെയും ലഭിച്ചു.
തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തായി.എല്‍.ഡി.എഫിലെ വി.എസ്. സുനില്‍കുമാറാണ് രണ്ടാമത് 74686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.വയനാട്ടില്‍ രാഹുല്‍ ഗാന്ധി 36442 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിലെ ആനിരാജയെ തോല്‍പ്പിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് മൂന്നാമത്. തിരുവനന്തപുരത്ത് 16077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശശി തരൂര്‍ എന്‍.ഡി എ യിലെ രാജീവ് ചന്ദ്രശേഖറെ തോല്‍പ്പിച്ചത്.വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും അവസാനം ശശിതരൂര്‍ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. എല്‍.ഡി.എഫിലെ പന്ന്യന്‍ രവീന്ദ്രന്‍ ഇവിടെ മൂന്നാമത്.വടകരയില്‍ 114506 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ എല്‍.ഡി.എഫിലെ കെ. കെ. ശൈലജയെ തോല്‍പ്പിച്ചത്.കോഴിക്കോട് എം.കെ. രാഘവന്‍ 145894 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫിലെ എളമരം കരീമിനെ പരാജയപ്പെടുത്തി.കണ്ണൂരില്‍ കെ സുധാകരന്‍ 108982 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഇടതുമുന്നണിയിലെ എം.വി.ജയരാജനെയാണ് തോല്‍പ്പിച്ചത്.