കേരളത്തില്‍ പടരുന്നത് കോവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.വണ്‍

Top News

തിരുവനന്തപുരം: ലോകത്ത് അതിവേഗം പടരുന്ന കോവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.വണ്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയില്‍. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആക്ടീവ് കേസുകള്‍ 1,523 ആയി ഉയര്‍ന്നു.
ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തിലാണ് കേരളത്തില്‍ ജെ.എന്‍ 1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്‍റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണിത്. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ എന്‍.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ ജെ എന്‍.1 സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകള്‍ 1701 എന്നാണ് മന്ത്രാലത്തിന്‍റെ കണക്ക്. ഇതില്‍ 1523 ഉം കേരളത്തില്‍. അതായത് 89.5 ശതമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധന കൂടുതലായത് കൊണ്ടാണ് ഉയര്‍ന്ന കണക്കെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നവംബര്‍ മുതല്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. എങ്കിലും വ്യാപനശേഷി കൂടുതലായ ജെഎന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *