. കേരളത്തിന് മൂന്നാം മോദി മന്ത്രിസഭയില്‍ പ്രാതിനിധ്യം
. രണ്ടുപേര്‍ക്കും സഹമന്ത്രി സ്ഥാനം
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറില്‍ കേരളത്തിന് രണ്ട് കേന്ദ്ര മന്ത്രിമാര്‍. രണ്ടുപേര്‍ക്കും സഹമന്ത്രി സ്ഥാനം.ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിക്കായി ആദ്യമായി അക്കൗണ്ട് തുറന്ന് തൃശൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ സുരേഷ് ഗോപിയും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്നത് ഉറപ്പായിരുന്നു. എന്നാല്‍ ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍ കരാറിലായ സിനിമകളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്. ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തത്.ജോര്‍ജ് കുര്യന്‍റെ കേന്ദ്ര മന്ത്രിസ്ഥാനമാണ് സര്‍പ്രൈസായത്. ഒരു മന്ത്രിയെ കൂടി ലഭിച്ചതോതോടെ കേരളത്തിന് ഇരട്ടിമധുരമായി.
ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തതോടെ മന്ത്രിയായേക്കുമെന്ന പ്രതീക്ഷയുണര്‍ന്നു. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. ഒ.രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തിനുള്ള പരിഗണനക്കും അപ്പുറത്ത് ദേശീയതലത്തില്‍ തന്നെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന ന്യൂനപക്ഷ മുഖമായാണ് ജോര്‍ജ് കുര്യന്‍ മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമാകുന്നത്. ബി.ജെ.പി ഉണ്ടായകാലം മുതല്‍ കോട്ടയത്തുകാരന്‍ ജോര്‍ജ് കുര്യന്‍ ബി.ജെ.പിക്കാരനാണ്. പാര്‍ട്ടിക്ക് സ്വന്തമായൊരു ഓഫീസോ എന്നെങ്കിലും അധികാരത്തിലെത്തുമെന്ന വിശ്വാസമോ ഇല്ലാതിരുന്ന കാലം മുതലുള്ള മികച്ച സംഘാടകന്‍.
1980-കളിലായിരുന്നു ജോര്‍ജ് കുര്യന്‍ ബി.ജെ.പിയില്‍ ചേരുന്നത്. വിദ്യാര്‍ത്ഥി മോര്‍ച്ചയില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ ബി.ജെ.പി. പ്രവേശം. യുവമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. മൂന്ന് വര്‍ഷത്തോളം ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം ബി.ജെ.പി. സംസ്ഥാന ഓഫീസിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.