തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തിങ്കളാഴ്ച്ച വരെ വ്യാപകമായി മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. വ്യാപകമായി ഇടിമിന്നലും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്.മഴ ശക്തിപ്പെടുന്നതിനാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.