തിരുവനന്തപുരം: സംരംഭകര്‍ക്ക് എല്ലാ മേഖലയിലെയും ബിസിനസ്സ് സാധ്യതള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ വിദേശരാജ്യങ്ങളിലുള്ളതു പോലെ കേരളത്തിലും എന്‍റര്‍പ്രണര്‍ഷിപ്പ് ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ ആരായുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വികേന്ദ്രീകൃത ഉത്പാദനത്തെ പ്രോത്സാഹിപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സൂക്ഷ്മചെറകിടഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായ വകുപ്പിന്‍റെ പദ്ധതിയില്‍ പ്രവാസികള്‍ക്ക് പ്രത്യേക ചാനല്‍ രൂപപ്പെടുത്താന്‍ ശ്രമിക്കും. കോവിഡിന് ശേഷം സേവനമേഖലയില്‍ വളരെയധികം സാധ്യതകള്‍ രൂപപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം.
അവ പ്രയോജനപ്പെടുത്തുന്നതില്‍ പ്രവാസി സമൂഹത്തിന് എല്ലാ സഹായവും നല്‍കാന്‍ നോര്‍ക്ക തയാറാണ്. പ്രവാസികള്‍ക്കും വിദേശത്തുനിന്ന് തിരികെയെത്തിയവര്‍ക്കുമുള്ള ഏകദിന സംരംഭകത്വ പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോര്‍ക്ക റൂട്ട്സ് ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ (എന്‍.ബി.എഫ് സി) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റിന്‍റെ (കെ.ഐ.ഇ.ഡി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രവാസി സംരംഭകത്വ പരിശീലന പരമ്പരയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാര്‍ക്കറ്റിനെ കുറിച്ച് സൂക്ഷ്മമായി പഠിക്കാനും നിരീക്ഷിക്കാനും സാധിക്കാത്തതാണ് പലപ്പൊഴും സംരംഭങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്.
പഠനനീരീക്ഷണങ്ങള്‍ക്കുള്ള എല്ലാ പ്രോത്സാഹനങ്ങളും നല്‍കിക്കൊണ്ട് പുതിയ സാഹചര്യത്തില്‍ സംരംഭകത്വത്തെ പുതിയ വിതാനങ്ങളിലേക്ക് ഉയര്‍ത്താനാണ് നോര്‍ക്ക ശ്രമിക്കുന്നത്. സംസ്ഥാനത്തെ മാത്രമല്ല, ദേശീയ തലത്തിലെയും വിദേശ വിപണിയിലെയും സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകര്‍ മുന്നോട്ടു വരണം. പ്രവാസി സംരംഭകര്‍ക്കു വേണ്ടിയുള്ള പരിശീലന പരിപാടികള്‍ മറ്റു ഭാഗങ്ങളിലും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംരംഭകര്‍ക്കായി തയാറാക്കിയ മൂന്നു കൈപ്പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
കെ.ഐ.ഇ.ഡി. എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ശരത് വി. രാജ് സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി സംരംഭകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
കാര്‍ഷിക ഭക്ഷ്യ സംസ്കരണ മേഖയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ.എം.എസ്.സജീവ് (സി.ടി.സി. ആര്‍.ഐ) സംസാരിച്ചു. എന്‍.ബി.എഫ്.സി മാനേജര്‍ സുരേഷ് കെ.വി, സീനിയര്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ബി.ഷറഫുദ്ദീന്‍ എന്നിവര്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, എന്‍.ബി.എഫ്.സി എക്സിക്യൂട്ടീവ് മേരി കോശി എന്നിവര്‍ സംസാരിച്ചു.