കേരളത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുകൂല സാഹചര്യം: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം : വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചുള്ള വ്യവസായ നിക്ഷേപം ആകര്‍ഷിക്കലാണു കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ചു മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്‍റെ തോതിലേക്ക് ഉയരാന്‍ കേരളത്തിനു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂട്ടായി ശ്രമിച്ചാല്‍ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട മേഖലയല്ലെന്നും അതില്‍നിന്നു പിന്‍വലിയണമെന്നും ആസ്തികള്‍ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി രാജ്യത്തു വലിയ തോതില്‍ വളരുകയാണ്. ഇക്കാര്യത്തില്‍ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുകയെന്നതാണു കേരളത്തിന്‍റെ നിലപാട്. സംസ്ഥാനത്തിന് അനുയോജ്യമായതും പരിസ്ഥിതിക്കു കോട്ടംതട്ടാത്തതുമായ വ്യവസായങ്ങള്‍ മാത്രമേ സ്വീകരിക്കൂ. അവയെ മാത്രമേ പ്രോത്സാഹിപ്പിക്കൂ – മുഖ്യമന്ത്രി വ്യക്തമാക്കി.
വന്‍കിട വ്യവസായങ്ങളില്‍ ചിലതു കേരളത്തിലേക്കു വരാന്‍ തയാറായിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികള്‍ പലതും ഇവിടേയ്ക്കു വരാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നു. ചിലതു വന്നുകഴിഞ്ഞു. ഇത് ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്‍റെ സമ്പന്നമായ പ്രവാസി സമൂഹത്തില്‍ പലരും വ്യവസായ മേഖലയില്‍ വലിയ പ്രവര്‍ത്തനം നടത്തുന്നവരാണ്. ഇപ്പോള്‍ വ്യവസായ രംഗത്ത് ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു സംസ്ഥാനത്തു പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിയും. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കു കേരളത്തിലേക്കു വ്യവസായങ്ങള്‍ വരണമെന്നു സംരംഭകരോടു പറയാന്‍ കഴിയും. ഈ രണ്ടു സാധ്യതയും ഉപയോഗിക്കാന്‍ കഴിയണം. വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടണം.
ചെറുകിട വ്യവസായ മേഖലയ്ക്കു കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുന്നോട്ടുവച്ചുള്ള മുദ്രാവാക്യം ഉയര്‍ത്തിയിരിക്കുന്നത്.സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ നാടിനു പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. സമയബന്ധിതമായി തീരുമാനങ്ങളെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *