തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ്( വാനര വസൂരി) രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടതിനാല്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്ന 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. മങ്കി പോക്സ് ഇന്ത്യയിലാദ്യമായാണ് സ്ഥിരീകരിക്കുന്നത്.കഴിഞ്ഞ 12 ന് യുഎഇയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ കൊല്ലം ജില്ലക്കാരനായ ഇദ്ദേഹം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കാണ് പോയത്.കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മങ്കി പോക്സ് ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ എല്ലാ സാമ്പിളുകളും പോസിറ്റീവാകുകയായിരുന്നു. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍, അച്ഛന്‍,അമ്മ,വീട്ടിലേക്ക് എത്തിച്ച ടാക്സിഡ്രൈവര്‍ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി അറിയിച്ചു.വളരെ അടുത്ത സമ്പര്‍ക്കമുണ്ടെങ്കില്‍ മാത്രം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നേക്കാമെന്ന് മന്ത്രി പറഞ്ഞു. ചിക്കന്‍പോക്സിന് സമാനമായ ലക്ഷണങ്ങളാണ് രോഗത്തിന്‍റേത്. ആദ്യം ചുവന്ന പാടാണ് വരിക പിന്നീടിത് കുമിളയാകും. പനി, ശരീരവേദന, തലവേദന ലക്ഷണങ്ങള്‍ കാണിച്ചേക്കും. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ്.രോഗി ഇപ്പോള്‍ ഐസൊലേഷനിലാണ്. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു .മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.