ന്യൂഡല്‍ഹി: കേരളത്തില്‍ രോഗവ്യാപനം കൂടാനുള്ള പ്രധാന കാരണം കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതാണെന്ന് കേന്ദ്രം.
പ്രതിദിന രോഗബാധിതരുടെ എണ്ണവും മരണനിരക്കും കൃത്യമായി റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ രോഗബാധിതമേഖല തരംതിരിക്കാനും വ്യാപനം തടയാനും കഴിയൂ എന്നും ആരോഗ്യമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി രണ്ടുവരെ 24,730 മരണങ്ങള്‍ മുന്‍കാല പട്ടികയില്‍ ചേര്‍ത്തു. എന്നാല്‍ ഫെബ്രുവരി രണ്ടിന് 1000 മരണങ്ങള്‍ മാത്രമാണ് മുന്‍കാല മരണമെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത പ്രവണത പാടില്ലെന്ന് കേന്ദ്രം പലതവണ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയതാണ്.നിലവില്‍ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലാണ് അമ്ബതിനായിരത്തിലധികം സജീവരോഗികളുള്ളത്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. രണ്ടാഴ്ചയ്ക്കിടെ രോഗസ്ഥിരീകരണ നിരക്ക് 10ശതമാനത്തില്‍ കൂടുതലുള്ള ജില്ലകളുടെ എണ്ണം 406ല്‍ നിന്നും 297ലേയ്ക്കെത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുമ്ബോള്‍ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയുണര്‍ത്തുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കി. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആകെ റിപ്പോര്‍ട്ടു ചെയ്യുന്നതിന്‍റെ 24.68ശതമാനവും കേരളത്തിലാണെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം രാജ്യത്ത് 96ശതമാനം പേര്‍ ആദ്യഡോസും 76 ശതമാനം പേര്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചു. 1.23 കോടി പേര്‍ മുന്‍കരുതല്‍ വാക്സിനുമെടുത്തു.
കൗമാരക്കാരില്‍ 4.78 കോടി പേര്‍ ആദ്യ ഡോസും 21.63 ലക്ഷം പേര്‍ രണ്ടു ഡോസും കുത്തിവയ്പ്പെടുത്തു.