കേരളത്തിലെ സ്കൂളുകള്‍ വീണ്ടും ഉണര്‍ന്നു

Kerala

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയത് പത്തുലക്ഷത്തോളം കുട്ടികള്‍

തിരുവനന്തപുരം: മാസ്കിട്ട് ഗ്യാപ്പിട്ട് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിലെ പ്രവേശനോത്സവത്തിന് ഗംഭീര തുടക്കം.
പത്തുലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തിയത്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.30ന് പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസരംഗത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാവരുടെയും പിന്തുണ ലഭിച്ചതായി മന്ത്രി പറഞ്ഞു. അമ്മ പരിപാലിക്കുന്നതുപോലെ കുട്ടികള്‍ക്ക് സ്കൂളുകളില് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കുട്ടികള്‍ സ്കൂളിലേക്ക് എത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.
കാത്തിരിപ്പിന്‍റെ വിരസനാളുകള് തീര്‍ന്ന സന്തോഷത്തിലെത്തുന്ന കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ സ്കൂളുകള് സജ്ജമായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷപൂര്വമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. ശരീര താപനില പരിശോധിച്ചശേഷം സാനിറ്റൈസര്‍ നല്കിയാണ് കുട്ടികളെ ക്ളാസുകളിലേക്ക് കടത്തിവിട്ടത്. കൂട്ടം കൂടി ക്ളാസുകളിലേക്ക് പോകുന്നില്ലെന്ന് അദ്ധ്യാപകര് ഉറപ്പാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരുന്നു.ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ളാസുകള്‍ നടത്തുക. അദ്ധ്യാപകരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് കുട്ടികളെ വരവേല്‍ക്കാന്‍ ക്ളാസ് മുറികളും പരിസരവും അലങ്കരിച്ചിരുന്നു. സ്കൂളുകള്‍ ഇന്ന് തുറന്നെങ്കിലും തിരക്ക് ഒഴിവാക്കാന് 8, 9 ക്ലാസുകള്‍ 15 നാണ് തുടങ്ങുക. പ്ലസ് വണ് ക്ലാസുകളും 15നു തുടങ്ങും.
ആരെയും സ്കൂളിലെത്താന്‍ നിര്‍ബന്ധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിനെടുക്കാത്ത 2282 അദ്ധ്യാപകരോട് തല്ക്കാ ലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജരും രേഖപ്പെടുത്തില്ല. കുട്ടികളെ മനസിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരല്‍ മാത്രമാണ് ഏക പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *