എല്ലാ പരിപാടികളും ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ടെന്നും തരൂര്‍
തരൂരിനെതിരെ പരാതി നല്‍കുമെന്ന് ആവര്‍ത്തിച്ചു കോട്ടയം ഡി.സി.സി പ്രസിഡന്‍റ്
കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ലീഗിന് അസംതൃപ്തി
അടൂര്‍ : കോണ്‍ഗ്രസില്‍ ശശിതരൂരിന്‍റെ പരിപാടികളെ ചൊല്ലി ഭിന്നത തുടരുന്നു.കേരളത്തില്‍ ഉടനീളം സംസാരിക്കണമെന്നും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍ എം. പി.വ്യക്തമാക്കി.
അടൂരില്‍ ബോധിഗ്രാം പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷനേതാവ് വി. ഡി.സതീശന്‍ മൂന്ന്തവണ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് വിവാദം ഉണ്ടാകുന്നതെന്ന് മനസ്സിലാകുന്നില്ല. വിവാദമുണ്ടാക്കുന്നവരോട് തന്നെ ഇതെല്ലാം ചോദിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു.
എല്ലാ പരിപാടികളും ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ച തീയതി അടക്കം കയ്യിലുണ്ട്. പരാതി കൊടുത്താല്‍ അതിനു മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ വിഭാഗീയതയ്ക്കെതിരെ താനുംഎതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എ യും ഐ യും അല്ല ഇനി ഒന്നിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടത്.താന്‍ ഒരു വിഭാഗത്തിന്‍റെയും പ്രതിനിധി അല്ലെന്നും തരൂര്‍ വ്യക്തമാക്കി.
അതിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാതെ ജില്ലയില്‍ പരിപാടിക്ക് എത്തിയ ശശി തരൂരിനെതിരെ പരാതി നല്‍കുമെന്ന് കോട്ടയം ഡി.സി.സി അധ്യക്ഷന്‍ നാട്ടകം സുരേഷ് ആവര്‍ത്തിച്ചു.ആര്‍ക്കെതിരെയും അച്ചടക്ക നടപടി എടുപ്പിക്കുകയല്ല തന്‍റെ ലക്ഷ്യം.സംഘടനയുടെ കീഴ് വഴക്കങ്ങളില്‍ വ്യക്തത വരുത്തുകയാണ്. കെ. മുരളീധരന്‍റെ നടപടിയെയും നാട്ടകം സുരേഷ് വിമര്‍ശിച്ചു. താന്‍ പരാതി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞെന്ന് വിമര്‍ശനമുന്നയിച്ച മുരളീധരന്‍ എന്തിനാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്നെ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് വീഴ്ചയുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടിവേദിയില്‍ ആയിരുന്നു മുരളീധരന്‍ പറയേണ്ടിയിരുന്നത്. നാട്ടകം സുരേഷ് കുറ്റപ്പെടുത്തി
അതേസമയം ശശിതരൂരിന്‍റെ പരിപാടികളെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ വിഭാഗീയതയില്‍ മുസ്ലിംലീഗിന് കടുത്ത അസംതൃപ്തി. പ്രശ്നങ്ങള്‍ യു.ഡി.എഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിംലീഗ് യോഗം വിലയിരുത്തി. പ്രശ്നങ്ങള്‍ അലോസരപ്പെടുത്തുന്നതാണെന്ന് ലീഗ് നേതാവ് പി. കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.എത്രയും വേഗം ഇത് പരിഹരിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടാനും തീരുമാനമായി.