ന്യൂഡല്‍ഹി: കേരളത്തിന് 13608 കോടി രൂപ കൂടി വായ്പയെടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയില്‍ സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്‍റെ ഹര്‍ജി പിന്‍വലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുന്‍ നിലപാട് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം തിരുത്തി. 15000 കോടി കൂടി കടമെടുക്കണം എന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ കേന്ദ്രവുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്‍കാന്‍ തല്‍ക്കാലം പണമുണ്ട്. എന്നാല്‍ പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍, ക്ഷാമബത്ത എന്നിവ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. അടിയന്തരമായി 28000 കോടി രൂപ ഈ മാര്‍ച്ചില്‍ തന്നെ കടമെടുക്കാന്‍ അനുവദിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചു. കേരളത്തിന് അവകാശമുള്ള 13608 കോടി രൂപ കടമെടുക്കാന്‍ അനുവാദം നല്‍കാമെന്ന് കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് കേരളം നല്‍കിയ ഹര്‍ജി പിന്‍വലിക്കണം എന്ന ഉപാധി ശരിയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വാനാഥന്‍ എന്നിവരുടെ ബഞ്ച് നിരീക്ഷിച്ചു. ഹര്‍ജി നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റു സംസ്ഥാനങ്ങളും കോടതിയില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇടക്കാല ഉത്തരവ് ഇറക്കരുത് എന്ന അറ്റോണി ജനറലിന്‍റെ നിര്‍ദ്ദേശം കോടതി സ്വീകരിച്ചു.
കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രം വായ്പയ്ക്ക് അനുമതി നല്‍കും. എന്നാല്‍ 15000 കോടി കൂടി ഈ മാസം കടമെടുത്താലേ പ്രതിസന്ധി തീരു എന്ന് കേരളം വാദിച്ചു. ഇരുപക്ഷവും അടിയന്തരമായി ചര്‍ച്ച നടത്തി ഇത് തീരുമാനിക്കാനുള്ള നിര്‍ദ്ദേശം കോടതി നല്‍കി.