കാസര്‍കോട്: സംസ്ഥാനത്തിന് 10 വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്ക് അര്‍ഹതയുണ്ടെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു.രണ്ടാം വന്ദേഭാരതിന്‍റെ ഫ്ളാഗ് ഓഫിന് മുന്നോടിയായി കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.കേരളത്തിന് 10 വന്ദേഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അര്‍ഹതയുണ്ടെന്നും അത് ലഭ്യമാക്കാന്‍ വി.മുരളീധരന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു അവകാശവാദത്തിന്‍റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് വി.മുരളീധരന്‍ അര്‍ഹമായത് കേരളത്തിന് കിട്ടുമെന്ന് പറഞ്ഞത്. പതിനായിരക്കണക്കിന് ആളുകള്‍ കുടിയിറങ്ങണ്ട സ്ഥിതി ഒഴിവാക്കാനാണ് വന്ദേഭാരത് എക്സ്പ്രസ് കൊണ്ടുവന്നതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
