. യു.പി.എ സര്‍ക്കാര്‍ നല്‍കിയതിനെക്കാളേറെ മോദി സര്‍ക്കാര്‍ നല്‍കി
. ലൈഫ് മിഷന്‍ കേസില്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
തൃശ്ശൂര്‍: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായവും ഫണ്ടുകളും എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പിയുടെ ജനശക്തി റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാര്‍ നല്‍കിയതിനെക്കാളേറെ കേരളത്തിന് മോദി സര്‍ക്കാര്‍ സാമ്പത്തിക വിഹിതം നല്‍കിയിട്ടുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് 1,15000 കോടി രൂപയാണ് നല്‍കിയത്.എന്നാല്‍ യു.പി.എ സര്‍ക്കാര്‍ 45 900 കോടി രൂപ മാത്രമാണ് നല്‍കിയത്. ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വേണ്ടി കേരളത്തിന് കേന്ദ്രം നല്‍കിയ ഫണ്ടിന്‍റെ കണക്കുകളും അമിത് ഷാ പരാമര്‍ശിച്ചു.ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ 300 കോടി കേന്ദ്രം നല്‍കി. കാസര്‍കോടിന് 50 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1950 കോടി രൂപ അനുവദിച്ചു. മൂന്ന് പ്രധാന റയില്‍വെ സ്റ്റേഷനുകളെ വിമാനത്താവള നിലവാരത്തില്‍ ഉയര്‍ത്താന്‍ തീരുമാനിച്ചു.ശബരിമല ഭക്തര്‍ക്ക് ഉള്‍പ്പെടെ യാത്രാസൗകര്യത്തിന് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി. ദേശീയപാത 66 ന് 55,000 കോടി രൂപയാണ് അനുവദിച്ചത്. കൊച്ചിയില്‍ ഭാരത് പെട്രോളിയം കോംപ്ലക്സിനായി 6, 200 കോടി രൂപ അനുവദിച്ചു. കേരളത്തിലെ 20 ലക്ഷം കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ വര്‍ഷം 6000 രൂപ നല്‍കി. 17 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നടപ്പാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം കേരളത്തിന് നല്‍കിയത് 8,500 കോടി രൂപയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്ര നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി.കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സി.പിഎമ്മും ഒന്നിച്ചെങ്കിലും ത്രിപുരയില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. ഇവരെക്കാളേറെ ജനങ്ങള്‍ വിശ്വസിച്ചത് ബി ജെ.പിയെയാണ്.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കേരളത്തെ സുരക്ഷിതമാക്കാനാണ്.എന്നാല്‍ ഈ കാര്യം കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അംഗീകരിക്കില്ല.
ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ കേസില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടു.ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തം ദിവസങ്ങളായിട്ടും അണയ്ക്കാന്‍ കഴിയാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.
ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയ അമിത് ഷാ,ഹെലികോപ്റ്റര്‍ മാര്‍ഗം തൃശ്ശൂരിലെത്തി.ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പാര്‍ലമെന്‍റ് മണ്ഡലം നേതൃയോഗത്തില്‍ പങ്കെടുത്തു.വടക്കുംനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.