കേരളത്തിന്‍റെ യശസ്സുയര്‍ത്തി നമ്പര്‍
വണ്‍ സംസ്ഥാനമാക്കി: പിണറായി

Kerala

മാനന്തവടി: രാജ്യത്തിന്‍റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അവ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുഷ്പേരില്‍നിന്നും കേരളത്തെ യശസ്സുയര്‍ത്തി നമ്പര്‍വണ്‍ സംസ്ഥാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞുസംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങള്‍ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തിനകത്ത് നിന്ന് പല വിധ പ്രക്ഷോഭങ്ങളും സമരങ്ങളും പ്രസ്ഥാനങ്ങളും ഉയര്‍ന്ന് വരും. രാജ്യത്ത് ആ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് മേല്‍കൈയുള്ള എല്‍ഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ ഭരിക്കുന്നത്. അതുകൊണ്ട്തന്നെ ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പിന് ദേശീയതലത്തില്‍തന്നെ വലിയ പ്രാധാന്യമാണുള്ളതെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറ്റ് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് മാനന്തവാടിയില്‍ തുടക്കമായത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും തകര്‍ക്കുന്നവര്‍ക്കെതിരെയുള്ള സമര കൂട്ടായ്മ രാജ്യത്ത് ഒരു മഹാപ്രസ്ഥാനമാണ്.
അവരുടെ മുന്നോട്ടുള്ള പോക്കിന് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുമെന്നാണ് അവര്‍ കരുതുന്നത്. കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും അടങ്ങുന്ന ആ മഹാ പ്രസ്ഥാനത്തിന് ഊര്‍ജം പകരാന്‍ കേരള തെരഞ്ഞെടുപ്പ് വലിയ തോതില്‍ സഹായിക്കും എന്നാണ് കരുതുന്നത്.
2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എന്തായിരുന്നു കേരളത്തിന്‍റെ അവസ്ഥ . ദുഷപേര് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നാടിനുണ്ടായിരുന്ന നല്ലപേരും യശസ്സും പോയ്കഴിഞ്ഞിരുന്നു. സമസ്ത മേഖലകളിലും വികസന മുരടിപ്പ്.
അതിനൊരു മാറ്റവേണമെന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ ആഗ്രഹിച്ചു. അതിന്‍റെ ഫലമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്ന് രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറി. എല്ലാമേഖലകളിലും നേട്ടമുണ്ടാക്കി തുടര്‍ച്ചയായി നമ്പര്‍ വണ്‍ സംസ്ഥാനമായി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *