കേരളത്തിന്‍റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍ നിന്നുള്ള നിശ്ചലദൃശ്യം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിന്‍റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കാലികപ്രസക്തവും സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്‍റെ ടാബ്ലോ അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം സൂചിപ്പിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.മാനവികതയുടേയും സാഹോദര്യത്തിന്‍റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. വിഷയത്തില്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്;
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. കാലികപ്രസക്തവും വളരെയധികം സാമൂഹിക പ്രാധാന്യവുമുള്ള പ്രമേയമാണ് കേരളത്തിന്‍റെ ടാബ്ലോ അവതരിപ്പിക്കുന്നത്. കേരളം മാത്രമല്ല, രാജ്യം തന്നെ കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവും തത്വചിന്തകനുമായ ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ടാബ്ലോ അനുവദിക്കാതിരുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.
മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്ക് കാരണമായ ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗീയവാദങ്ങള്‍ക്കുമെതിരെ അദ്ദേഹം പകര്‍ന്ന മാനവികതയുടേയും സാഹോദര്യത്തിന്‍റേയും ആശയങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്താനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിനുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു. നടപടി തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *