തിരുവനന്തപുരം : സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകര്‍മ്മസേനയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത കര്‍മസേന അംഗങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് വാര്‍ഡിലെ 15 പേരടങ്ങുന്ന ഹരിതകര്‍മസേനയില്‍ ഓരോ അംഗങ്ങളും പതിനായിരം രൂപ മാലിന്യ ശേഖരണ യൂസര്‍ ഫീസിനത്തില്‍ വരുമാനം നേടുന്നു എന്നത് മാതൃകപരമാണ്. ഇതോടൊപ്പം അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യാന്‍ ഹരിതകര്‍മസേന തയാറാകുന്നു. സേനാംഗങ്ങളോടുള്ള പൊതുസമീപനത്തില്‍ വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അനധികൃതമായി സ്വകാര്യ ഏജന്‍സികള്‍ മാലിന്യം ശേഖരിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ല. ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ നല്കി മാലിന്യ ശേഖരണ, നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നിയമനിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
5 ലക്ഷം രൂപ മാലിന്യത്തോടൊപ്പം കിട്ടിയപ്പോള്‍ ഉടമസ്ഥന് തിരികെ നല്കിയ കാസര്‍കോട്ടെ ഹരിതകര്‍മസേനയുടെ മാതൃകയാണ് ഓരോ സേനാംഗങ്ങളും പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്പ്പറേഷന് വാര്‍ഡില്‍ നടത്തുന്ന ശുചിത്വ പരിപാലന പരിപാടികള്‍ മേയര്‍ ആര്യ രാജേന്ദ്രന് മന്ത്രിയോട് വിശദീകരിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജ് സുഭാഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്ധ്യ ലക്ഷ്മി എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.