ബംഗളൂരു: കേരളത്തിലെയും കര്‍ണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആര്‍.ടി.സിയും കര്‍ണാടക ആര്‍.ടി.സിയും സംയുക്തമായി അന്തര് സംസ്ഥാന ടൂര്‍ പാക്കേജ് ആരംഭിക്കുന്ന കാര്യം പരിഗണനയില്‍.
ഇതുസംബന്ധിച്ച് കേരള ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ കര്‍ണാടക ആര്‍.ടി.സി എം.ഡി ശിവയോഗി കലസദുമായി ചര്ച്ച നടത്തി. ബംഗളൂരുവിലെ കര്‍ണാടക ആര്‍.ടി.സിയുടെ സെന്ട്രല് ഓഫിസിലായിരുന്നു ചര്ച്ച. രാത്രിയില്‍ സുല്‍ത്താന്‍ ബത്തേരി വഴി കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യവും ഇരു ആര്‍.ടി.സി.കളും പുതിയ റൂട്ടുകളില്‍ സര്വിസ് ആരംഭിക്കുന്നത് സംബന്ധിച്ചും അന്തര്‍സംസ്ഥാന കരാര്‍സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി.
ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കുമെന്ന് ബിജു പ്രഭാകര്‍ കര്‍ണാടക അധികൃതരെ അറിയിച്ചു. നിലവില്‍ കേരള ആര്‍.ടി.സി മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂര്‍ പാക്കേജായി ബസ് സര്വിസുകള് ആരംഭിച്ചതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കര്ണാടക ആര്‍.ടി.സിയും ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കര്ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജ് വിജയകരമായി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്തര്‍ സംസ്ഥാന ടൂര്‍ പാക്കേജ് സര്വിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു ആര്‍.ടി.സി അധികൃതരും ചര്ച്ച നടത്തിയത്.
കര്‍ണാടക ആര്‍.ടി.സിയുടെ ഡ്യൂട്ടി പാറ്റേണ്, സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ബിജു പ്രഭാകര്‍ മനസ്സിലാക്കി. അന്തര്‍ സംസ്ഥാന കരാര്‍ സംബന്ധിച്ച് കേരള ആര്‍.ടി.സി അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്ന് കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഇരു ആര്‍.ടി.സി.കളുടെയും വിവിധ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.