ന്യൂഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമി എമിനന്‍റ് അംഗമായി സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ മുതിര്‍ന്ന സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് എമിനന്‍റ് പദവി.എം.ടി വാസുദേവന്‍ നായരാണ് ഇതിന് മുന്‍പ് ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരന്‍.നോവലിസ്റ്റും ചെറുകഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ സി. രാധാകൃഷ്ണന്‍ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്തു ജനിച്ചു. കൊടൈക്കനാല്‍ ആസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററിയില്‍ 1961ല്‍ സയന്‍റിസ്റ്റായി ചേര്‍ന്ന അദ്ദേഹം കാലാവസ്ഥാ വകുപ്പിന്‍റെ പുണെ ഓഫിസില്‍നിന്ന് 1965ല്‍ രാജിവച്ച്. ‘സയന്‍സ് ടുഡെ’യില്‍ ചേര്‍ന്നു. ലിങ്ക് വാര്‍ത്താ പത്രിക, പേട്രിയട്ട് ദിനപത്രം എന്നിവയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍, വീക്ഷണം ദിനപത്രത്തിന്‍െറ പത്രാധിപര്‍, ഭാഷാപോഷിണി, മനോരമ ഇയര്‍ബുക്ക് എന്നിവയുടെ എഡിറ്റര്‍ ഇന്‍-ചാര്‍ജ്, മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ മീഡിയ കണ്‍സല്‍ട്ടന്‍റ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1962), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1988), വയലാര്‍ അവാര്‍ഡ് (1990), അബുദാബി ശക്തി അവാര്‍ഡ് (1988), വിശ്വദീപം അവാര്‍ഡ് (1997) എന്നിവ ലഭിച്ചിട്ടുണ്ട്. നോവല്‍, ചെറുകഥ, ശാസ്ത്രം, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികള്‍ സി. രാധാകൃഷ്ണന്‍ രചിച്ചിട്ടുണ്ട്. ‘പ്രിയ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ രാധാകൃഷ്ണന്‍ അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.