കേന്ദ്ര സഹകരണ മന്ത്രാലയം : സംസ്ഥാനങ്ങളില്‍
ഇടപെടാനാകില്ലെന്ന് പവാര്‍

India Latest News

ന്യൂഡല്‍ഹി : സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസഹകരണ മന്ത്രാലയത്തിന് സാധിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലെ നിയമങ്ങള്‍ക്ക് നിയമസഭയാണ് രൂപം നല്‍കിയത്. കേന്ദ്രത്തിന് ഇതില്‍ ഇടപെടാനാകില്ല. കേന്ദ്രത്തില്‍ രൂപീകരിക്കുന്ന സഹകരണ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് പ്രശ്നം സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമില്ല. ഭരണഘടനാപരമായി ഈ വിഷയം സംസ്ഥാനങ്ങളുടെ അവകാശമാണ്. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ മാത്രമേ കേന്ദ്രനിയന്ത്രണത്തില്‍ വരൂڊ പവാര്‍ വ്യക്തമാക്കി.
സഹകരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പ്രതികരിച്ചു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ട്വിറ്ററിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ മന്ത്രിയായി ചുമതലയേറ്റില്ലെങ്കിലും മേഖലയുമായി ബന്ധപ്പെട്ട വിവിധ ആളുകളെ ഷാ കണ്ടുതുടങ്ങി.
ഇഫ്കോ, നാഫെഡ്, എന്‍സിയുഐ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കാര്‍ഷികോല്‍പ്പന്ന സംഘടനകള്‍ക്ക് നല്‍കുന്ന അതേ ആനുകൂല്യങ്ങളും ഇളവുകളും പ്രാഥമിക കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് ഷാ ഉറപ്പുനല്‍കിയതായി ഇവര്‍ അറിയിച്ചു. സഹകരണ മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാനതല സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ ഒരു യോഗം ഇഫ്കോയും എന്‍സിയുഐയും മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ക്കണമെന്ന ആഗ്രഹവും ഷാ പ്രകടമാക്കി.

Leave a Reply

Your email address will not be published. Required fields are marked *