കേന്ദ്ര ബജറ്റ്

India Kerala

ആത്മനിര്‍ഭര്‍ പദ്ധതി തുടരും ;
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍

  • ലോക്ഡൗണ്‍ കാലത്തെ പദ്ധതികള്‍ രാജ്യത്തെ തുണച്ചെന്ന് ധനമന്ത്രി
  • കേരളത്തിന്‍റെ ദേശീയപാത വികസനത്തിന് 65,000 കോടി
  • കൊച്ചിമെട്രോയ്ക്ക്1967 കോടി

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു.. പതിറ്റാണ്ടുകള്‍ക്കിടയില്‍ കാണാത്ത വലിയ സാമ്പത്തിക തകര്‍ച്ച രാജ്യം നേരിടുന്ന ഘട്ടത്തിലാണ് മോദി സര്‍ക്കാറിന്‍റെ ഒമ്പതാമത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കടലാസ് പൂര്‍ണമായി ഒഴിവാക്കി ഇ ബജറ്റാണ് ഇത്തവണത്തേത്.കോവിഡ് പ്രതിസന്ധി നേരിടാന്‍ തുടങ്ങിയ ആത്മനിര്‍ഭര്‍ പദ്ധതി തുടരും.
കോവിഡ്കാല പ്രതിസന്ധികള്‍ക്കിടയില്‍ ആരോഗ്യ മേഖലക്ക് കൂടിയ വിഹിതം നീക്കിവെക്കുന്നു. ആരോഗ്യത്തിനു പുറമെ അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങള്‍, കൃഷി എന്നിവക്കാണ് ഊന്നല്‍. വൈദ്യുതി വിതരണ ശൃംഖലയില്‍ അടക്കം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും. തകര്‍ന്ന മേഖലകളെ പുനരുദ്ധരിക്കുന്നതിനും ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കൈത്താങ്ങ് നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങളിലേക്കാണ് ബജറ്റ് ലക്ഷ്യം വെയ്ക്കുന്നത്. ലോക്ഡൗണ്‍ കാലത്തെ പദ്ധതികള്‍ രാജ്യത്തെ തുണച്ചെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിടുന്നത്. മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ക്കായി ജി.ഡി.പിയുടെ 13 ശതമാനം ചെലവിട്ടെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സിന് 35000 കോടി നീക്കി വെച്ചു. കോവിഡ് വാക്സിന്‍ വികസനം രാജ്യത്തിന്‍റെ നേട്ടമാണ്. രണ്ട് വാക്സിനുകള്‍ക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്സിനും രാജ്യത്ത് ഉല്‍പാദിപ്പിക്കും.27.1 ലക്ഷം കോടി രൂപയുടെ ആത്മ നിര്‍ഭര്‍ പാക്കേജ് പ്രഖ്യാപിച്ചു. ഈ പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായകമായി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ആത്മ നിര്‍ഭര്‍ പാക്കേജ് സഹായിച്ചെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.കേരളത്തിന്‍റെ ദേശീയപാത വികസനത്തിന് 65000 കോടി നീക്കി വെച്ചത് ശ്രദ്ധേയമായി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 1967 കോടി അനുവദിച്ചു. ചരിത്രത്തിലാദ്യമായി പൂര്‍ണമായും കടലാസ് രഹിത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിയ്ക്കുന്നത്. ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്‍റിലേക്കെത്തിയത്. ബജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
നഗര സ്വച്ഛ ഭാരത് മിഷന്‍ 2.0 നടപ്പാക്കും. ആരോഗ്യമേഖലയില്‍ 137 % അധിക വകയിരുത്തല്‍ .എല്ലാവര്‍ക്കും ശുദ്ധജലം എത്തിക്കാന്‍ പദ്ധതി. ഇതിനായി 2.87 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
പഴയ വാഹനങ്ങള്‍ നശിപ്പിക്കാന്‍ പദ്ധതി. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നശിപ്പിക്കും.വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ജല ജീവന്‍ ദൗത്യത്തിനായി 2.87 ലക്ഷം കോടി രൂപ വകയിരുത്തി.
ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയത് 2.23 ലക്ഷം കോടി. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 % വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *