കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Top News

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പത് വരെ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരും. തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സമ്പൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ഇത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി 31 ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. വിലക്കയറ്റം നേരിടാനും നിലവിലുള്ള പണപ്പെരുപ്പ പ്രവണതകള്‍ പരിഹരിക്കാനും സാധ്യതയുള്ള നികുതി ഇളവുകള്‍ പോലുള്ള ധനപരമായ നടപടികള്‍ നടപ്പിലാക്കുന്നത് നിര്‍മല സീതാരാമന്‍ ബജറ്റില്‍ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ കേന്ദ്ര ബജറ്റാണിത്. സ്ത്രീകള്‍, ദരിദ്രര്‍, യുവജനങ്ങള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിവര്‍ക്കുള്ള ക്ഷേമ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബജറ്റ്. സമൂഹത്തിലെ ഈ വിഭാഗങ്ങള്‍ക്കായി നിലവിലുള്ള പദ്ധതികള്‍ക്കുള്ള വിഹിതം മെച്ചപ്പെടുത്താന്‍ സാധ്യതയുണ്ട്. പുതിയ സ്കീമുകള്‍ പ്രഖ്യാപിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *