ഹൈദരാബാദ് : ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ ഭാരത് രാഷ്ട്രസമിതി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിക്കെതിരെ പിണറായി വിജയന്‍ ആഞ്ഞടിച്ചത്.
ഫെഡറലിസം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കുതിരക്കച്ചവടത്തിലൂടെ പല സംസ്ഥാനങ്ങളിലെയും ഭരണം കേന്ദ്രം അട്ടിമറിക്കുകയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അത് രാജ്യത്തിന്‍റെ അഖണ്ഡതയെ തകര്‍ക്കും. ജുഡിഷ്യറിയെ അട്ടിമറിക്കാനും ബി.ജെ.പി സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം, ഇതിനെതിരെ ചീഫ് ജസ്റ്റിസിന്‍റെ നീക്കം പ്രതീക്ഷ നല്‍കുന്നു. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. രാഷ്ട്ര പിതാവിനെ വധിച്ചവരാണ് കേന്ദ്രം ഭരിക്കുന്നത്. ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ജനം ഒരുമിക്കണമെന്നും പിണറായി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും റാലിയില്‍ പങ്കെടുത്തു. കെ.സി.ആറിന്‍റെ നേതൃത്വത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.