.ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേതൃത്വം നല്‍കും
തിരുവനന്തപുരം: കേരളവും കേന്ദ്ര സര്‍ക്കാരുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നതിനായി കേരള സര്‍ക്കാര്‍ സമിതി രൂപവല്‍ക്കരിച്ചു.ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ നേതൃത്വത്തിലാണ് സമിതി രൂപവല്‍ക്കരിച്ചത്. ഇന്ന് തന്നെ സമിതി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയേക്കും. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് കേരളം സമിതി രൂപവല്‍ക്കരിച്ചത്.ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ.ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുളളത്.
കേരളത്തിന്‍റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം സമ്മതമാണെന്ന് കേരളവും കേന്ദ്രവും അറിയിക്കുകയായിരുന്നു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.