തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്രത്തിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഫെബ്രുവരി എട്ടിന് സമരത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തര്‍ മന്ദറിലേക്ക് നീങ്ങും.ഇന്ത്യാ മുന്നണിയിലെ കക്ഷിനേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു.
ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച് കത്ത് നല്‍കും. ഇടതുസര്‍ക്കാരിന്‍റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡല്‍ഹിയിലെ സമര ദിവസം കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ഇ.പി. ജയരാജന്‍ അറിയിച്ചു.