കേന്ദ്രം ഞെരുക്കുന്നു; യുഡിഎഫ് അതിന് കുടപിടിക്കുന്നു:മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: ഇന്ധനസെസ് കൂട്ടിയതടക്കമുള്ള നികുതി വര്‍ദ്ധനവിനെതിരെന്ന സമരംചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞെരുക്കി തോല്‍പ്പിച്ചു കളയാമെന്ന മനോഭാവമാണ് കേന്ദ്രത്തിനുള്ളതെന്നും അതിന് കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയുണ്ടെന്നത് വിചിത്രമാണ്. പെട്രോള്‍ – ഡീസല്‍ വില കുത്തകകള്‍ക്ക് അധികാരം നല്‍കിയവരാണ് സമരം നടത്തുന്നത്.
യുഡിഎഫും ബിജെപിയും നടത്തുന്ന സമരകോലാഹലങ്ങള്‍ ജനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
അംബാനിയുടെ അപ്രീതിയ്ക്ക് ഇരയായ ജയ്പാല്‍ റെഡിയെ അപ്പോള്‍ തന്നെ മാറ്റിയവരാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാറിന്‍റെ പകപ്പോക്കല്‍ നയങ്ങളാണ് നികുതി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധമാക്കിയത്. തരാതരം പോലെ എണ്ണവില കൂട്ടിയവര്‍ ഇപ്പോള്‍ സമരം ചെയ്യുന്നു. കേരളം കടക്കെണിയിലാണെന്നതും സംസ്ഥാനത്ത് അതിഭയങ്കരമായ ധന ധൂര്‍ത്താണെന്നതും തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിക്കുന്നു. പ്രതിപക്ഷവും മാധ്യമങ്ങളിലെ ഒരു വിഭാഗവും ഇത് പ്രചരിപ്പിച്ചു. കേരളത്തിന്‍റെ കടം കുറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. 2021-22ല്‍ 37.01 ശതമാനമായി കുറഞ്ഞു. 2022-23ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 36.38 ശതമാനമാണ്. ജിഎസ് ടി വളര്‍ച്ച നിരക്ക് 25.11% ആയി ഉയര്‍ന്നു. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം അസംബന്ധം. കേന്ദ്ര സര്‍ക്കാറിന്‍റെ സമീപനത്തിലെ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളാണ് പ്രശ്നം. ധനകമ്മി പരിധി യുക്തിരഹിതമായി കുറയ്ക്കുന്നു. കിഫ്ബിയ്ക്ക് പണം വകയിരുത്തിയില്ലെന്നാണ് ചിലരുടെ കോലാഹലം. കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്‍റെ വാദം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍പ്പെടുത്തിയെന്നാണ് വാദം. കിഫ്ബിയോട് എന്തിനാണ് ഇത്ര അസഹിഷ്ണുത. കിഫ്ബിക്ക് പണം വകയിരുത്തിയിട്ടില്ലെന്നാണ് ആരോപണം. സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ ചില നികുതിപരിഷ്ക്കാരങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *