കെ.സുധാകരനെ വിമര്‍ശിച്ച് വി.എം.സുധീരന്‍

Latest News

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായി വി.എം.സുധീരന്‍. താന്‍ പാര്‍ട്ടി വിട്ടുവെന്ന് സുധാകരന്‍ പറഞ്ഞത് തെറ്റാണ്. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. സുധാകരനും സതീശനും വന്നപ്പോള്‍ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റംവരുമെന്നാണ് കരുതിയത്. സ്ഥാനങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനും ഓരോ ജില്ല എന്ന് ചാര്‍ത്തിക്കൊടുക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടു. സതീശനും സുധാകരനും പങ്കെടുത്ത ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ആ രീതിയിലല്ല കാര്യങ്ങള്‍ പോയത്. ഒരു ചര്‍ച്ചയുമില്ലാതെയാണ് ഡി.സി.സി പ്രസിഡന്‍റുമാരെ നിശ്ചയിച്ചതെന്നും സുധീരന്‍ പറഞ്ഞു.
യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതുണ്ടായില്ല, ഏകപക്ഷീയമായ പ്രഖ്യാപനങ്ങളാണ് വന്നത്. സുധാകരന്‍റെ നിലപാടില്‍ മാറ്റമൊന്നും വന്നില്ല. നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പായി. കൂടുതല്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് എ.ഐ.സി.സി അംഗത്വം രാജിവച്ചത്. പിന്നീട് രാഹുല്‍ ഗാന്ധി വിളിച്ചെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
കെ.പി.സി.സിയുടെ പരിപാടികളില്‍ മാത്രമാണ് താന്‍ പങ്കെടുക്കാതിരുന്നത്. ഡി.സി.സി പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അപ്പോഴാണ് താന്‍ പാര്‍ട്ടി വിട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറയുന്നത്. അദ്ദേഹത്തിന്‍റെ ഭാഗത്ത് ഔചിത്യക്കുറവുണ്ടായിട്ടുണ്ട്. താന്‍ യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അവിടെയാണ് നേതൃത്വം മറുപടി പറയേണ്ടത്. എന്നാല്‍ അദ്ദേഹം പരസ്യമായാണ് തനിക്ക് മറുപടി പറഞ്ഞത്. ഒരിക്കലും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് അദ്ദേഹം ചെയ്തതെന്നും സുധീരന്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉത്തരവാദിത്തപ്പെട്ട ആരും തന്നെ കണ്ടില്ല. രണ്ടുവര്‍ഷമാണ് കാത്തിരുന്നത്. താന്‍ പണിനിര്‍ത്തിപ്പോയെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഒരാള്‍ മാറിനില്‍ക്കുന്നുണ്ടെങ്കില്‍ അയാള്‍ പോട്ടെ എന്ന നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടിയുടേത്. ഇവരൊക്കെ കോണ്‍ഗ്രസില്‍ വരുന്നതിന് മുമ്പ് താന്‍ കോണ്‍ഗ്രസുകാരനാണ്. സുധീരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *