തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷ സമാപനത്തോട് അനുബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി.സില്‍വര്‍ലൈന്‍ അഥവാ കെ റെയില്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ തുടങ്ങുമെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാനായി കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചു.ഡി.പി.ആര്‍ റെയില്‍വേ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കെ.എസ്.ആര്‍.ടി.സിയെ പുന സംഘടിപ്പിക്കും എന്ന പ്രധാനപ്പെട്ട കാര്യവും പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു . കെ.എസ്.ആര്‍.ടി.സിയെ സ്വയം പര്യാപ്തമാക്കും. കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടക്കും. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. ശമ്പള പരിഷ്കരണത്തില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കും. നിലവില്‍ തുടങ്ങി വെച്ച കിഫ്ബി പദ്ധതികള്‍ മുഴുവന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വരുമാനത്തില്‍ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബിയുടെ തിരിച്ചടവ് സര്‍ക്കാര്‍ ബാധ്യത അല്ലെന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. ഇടതു സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മത അടിസ്ഥാനത്തില്‍ അല്ല പൗരത്വം നിര്‍ണയിക്കേണ്ടത് എന്നതാണ് സര്‍ക്കാറിന്‍റെ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
വലതുപക്ഷ അജണ്ടകള്‍ ക്കെതിരെ ബദലാകാന്‍ കേരളത്തിനു കഴിഞ്ഞു. അതി ദരിദ്രരെ കണ്ടെത്താനാണ് കേരളം സര്‍വ്വേ നടത്തുന്നത്. അവരെ കണ്ടെത്തി കൈപിടിച്ചുയര്‍ത്തുന്ന നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും. ജനങ്ങളെ ഒരുമിപ്പിക്കാന്‍ ആണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കയ്യൊഴിയാന്‍ ആണ് നീക്കം നടത്തുന്നത്. എന്നാല്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റേത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.