കെ.മുരളീധരന് എന്ത് പദവി നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിക്കും: കെ.സുധാകരന്‍

Latest News

. മുരളീധരനെ വീട്ടിലെത്തി കണ്ട് കെ.പി.സി.സി അധ്യക്ഷന്‍

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.മുരളീധരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. തൃശൂരില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൊതുരംഗത്തു നിന്ന് മാറി നില്‍ക്കുമെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദര്‍ശനം. മുരളീധരനെ വന്ന് കാണുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്ന് സുധാകരന്‍ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.
മുരളീധരനെ തിരിച്ചുകൊണ്ടുവരും. അത് ഞങ്ങളുടെ എല്ലാവരുടെയും ബാധ്യതയാണ്. ചര്‍ച്ചയില്‍ ഒരാവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടില്ല. പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ വികാരം ഞങ്ങള്‍ മനസ്സിലാക്കുന്നു. തൃശൂരില്‍ സംഘടന രംഗത്ത് ചില പാളിച്ചകളുണ്ടായി. വടകരയില്‍ നിന്ന് തൃശൂരിലേക്ക് മുരളീധരനെ കൊണ്ടുവന്നത് മോശം തീരുമാനമായിരുന്നില്ല.കെ.മുരളീധരന് എന്ത് പദവി നല്‍കണമെന്ന കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനിക്കും. കെ.പി.സി.സി അധ്യക്ഷ പദവിയടക്കം അതില്‍ ചര്‍ച്ചയാകുമെന്നും സുധാകരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .
രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ.മുരളീധരനെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം.
മുമ്പ് വടകരയിലും നേമത്തും ഇപ്പോള്‍ തൃശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ. മുരളീധരന്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി ലോക്സഭയില്‍ ആദ്യമായി സുരേഷ് ഗോപിയിലൂടെ ഇവിടെ അക്കൗണ്ട് തുറന്നു.ഇനി പൊതുരംഗത്തേക്കില്ലെന്ന് പറഞ്ഞാണ് മുരളിധരന്‍ തെരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *