തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന് തുടര്‍നിയമനം നല്‍കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമനകാര്യ സമിതി തീരുമാനിച്ചു. സമിതിയുടെ തീരുമാനം ഗവര്‍ണര്‍ക്ക് കൈമാറും. 2021 ല്‍ കല്‍പ്പറ്റ ജില്ലാ ആന്‍റ് സെഷന്‍സ് ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി നിയമിതനായ കെ. ബൈജൂനാഥിന്‍റെ മൂന്നു കൊല്ലത്തെ സേവനകാലാവധി വരുന്ന മാര്‍ച്ച് രണ്ടിന് പൂര്‍ത്തിയാകും. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമന കാര്യസമിതി യോഗംചേര്‍ന്നത്. മൂന്ന് വര്‍ഷമാണ് കമ്മീഷന്‍ അധ്യക്ഷന്‍റെയും അംഗങ്ങളുടെയും കാലാവധി.
ജസ്റ്റിസ് ആന്‍റണി ഡൊമിനിക് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് കഴിഞ്ഞവര്‍ഷം മേയില്‍ വിരമിച്ച ശേഷം ബൈജൂനാഥിനെ ആക്ടിംഗ് ചെയര്‍പേഴ്സണായി ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗം.ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യമാണ് കമ്മീഷന്‍ അംഗത്തിന്‍റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ.ബൈജൂനാഥ് 1987 ല്‍ അഭിഭാഷകനായി. 1992 ല്‍ മജിസ്ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടം ശബരീ തീര്‍ത്ഥത്തില്‍ പരേതരായ കെ. രാംദാസിന്‍റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കള്‍ : വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ. നാഥ്, ഡോ. അമ്യത് കെ. നാഥ്. പ്രഭാഷകന്‍ കൂടിയാണ് ബൈജൂനാഥ്.