കെ.ബി. ശ്രീദേവി അന്തരിച്ചു

Latest News

കൊച്ചി: എഴുത്തുകാരി കെ.ബി. ശ്രീദേവി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്‍റെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നോവല്‍, കഥ, ബാലസാഹിത്യം, നാടകം ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചു. പറയിപെറ്റ പന്തിരുകുലം, യഞ്ജം, അഗ്നിഹോത്രം, മൂന്നാം തലമുറ, ചാണക്കല്ല്, മുഖത്തോടുമുഖം, ദശരഥം, ചിരഞ്ജീവി, കൃഷ്ണാനുരാഗം, കുട്ടിത്തിരുമേനി, ശ്രീകൃഷ്ണകഥ, നിറമാല, തിരക്കൊഴിയാതെ എന്നിവ ശ്രീദേവിയുടെ പ്രധാന കൃതികളാണ്.
1975ല്‍ കഥയ്ക്കും തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988ല്‍ കൃഷ്ണാനുരാഗം എന്ന കൃതിയ്ക്ക് ജന്മാഷ്ടമി പുരസ്കാരം ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട്, നാലപ്പാടന്‍, കുങ്കുമം, നവോത്ഥാന സാഹിത്യ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
1940 മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയിലാണ് ജനനം. നാരായണന്‍ ഭട്ടതിരിപ്പാടിന്‍റെയും ഗൗരി അന്തര്‍ജനത്തിന്‍റെയും മകളാണ്. കൂടലൂര്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്ടാണ് ഭര്‍ത്താവ്. മക്കള്‍: ഉണ്ണി, ലത, നാരായണന്‍. മരുമക്കള്‍: തനൂജ, വാസുദേവന്‍, ദീപ്തി.

Leave a Reply

Your email address will not be published. Required fields are marked *