കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തില്‍
സംശയം വേണ്ട: മന്ത്രി എം.എം. മണി

Kerala

അടിമാലി: കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അടിമാലി ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസ് മന്ദിരത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടപ്പിലാക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതി ഒരു വിഭാഗം മാത്രം അനുഭവിച്ചാല്‍ പോര, എല്ലാ വിഭാഗത്തിനും എല്ലാ വീടുകളിലും ലഭിക്കുകയെന്നതാണ് കെ ഫോണിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി സൗജന്യമായി ലഭ്യമാക്കും. ബാക്കിയുള്ളവര്‍ക്ക് മിനിമം നിരക്കില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ വേണ്ടെന്ന് വച്ച പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഉള്‍പ്പെടെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. വൈദ്യുതി വിതരണ രംഗം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. പരമാവധി വാഹനങ്ങള്‍ ഇലക്ട്രിക്കല്‍ വാഹനമാക്കണമെന്ന ലക്ഷ്യം സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമുണ്ടെന്നും മന്ത്രി പറഞ്ഞു. അടിമാലി 110 കെവി സബ്സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കടക്കം വൈദ്യുതി എത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് എം.എല്‍.എ പറഞ്ഞു. അടിമാലി പഞ്ചായത്ത് പൂര്‍ണമായും വെള്ളത്തൂവല്‍, പള്ളിവാസല്‍ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന 150 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന പ്രദേശമാണ് അടിമാലി സെക്ഷന് കീഴില്‍ വരുന്നത്.പരിമിതമായ സൗകര്യത്തില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന ആഫീസിനാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. 225.4 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള സെക്ഷന്‍ ആഫീസ് കെട്ടിട നിര്‍മ്മാണത്തിനാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ചടങ്ങില്‍ ഡിസ്ട്രിബ്യൂഷന്‍ സെന്‍ട്രല്‍ എറണാകുളം ചീഫ് എന്‍ജിനിയര്‍ ജയിംസ് എം ഡേവിസ്, എറണാകുളം ഇലക്ട്രിക്കല്‍ സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ മനോജ് ഡി, അടിമാലി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡാലിയ ശ്രീധര്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *