കോഴിക്കോട്: പ്രമുഖ സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സ്ഥാപക പത്രാധിപരുമായിരുന്ന കെ. പി.കേശവമേനോന്‍റെ സ്മരണാര്‍ത്ഥം കെ.പി. കേശവമേനോന്‍ സ്മാരക സമിതി നല്‍കുന്ന പുരസ്കാരം പ്രമുഖ ആധ്യാത്മിക പണ്ഡിതനും ഗ്രന്ഥകര്‍ത്താവും വാഗ്മിയുമായ ആചാര്യ എ.കെ.ബി നായര്‍ക്ക്.
നവംബര്‍ 11ന് വൈകുന്നേരം നാല് മണിക്ക് ഹോട്ടല്‍ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി. എസ്.ശ്രീധരന്‍ പിള്ള പുരസ്കാരസമര്‍പ്പണം നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണ സമ്മേളനം ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും. മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിക്കും. കെ.പി.കേശവമേനോന്‍റെ ദൗഹിത്രനും മാതൃഭൂമി മുന്‍ പത്രാധിപരുമായ എം. കേശവമേനോന്‍ പ്രശംസാപത്രം സമ്മാനിക്കും. കെ.പി കേശവമേനോന്‍റെ പൗത്രി നളിനിദാമോദരന്‍,ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മ രാജ, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി പ്രസിഡന്‍റ് കെ. ടി. വാസുദേവന്‍, ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സെക്രട്ടറി ഗോപിനാഥ് ചേന്നര, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ദിനല്‍ ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
