തൃശൂര്‍ :കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ രൂപപ്പെട്ട കുഴികള്‍ ലോഫ്ളോര്‍ ബസ് ഉള്‍പ്പെടെയുള്ളവയ്ക്ക് വിനയാകുന്നു. കുഴികളില്‍പ്പെട്ട് ബസുകള്‍ തകരാറാകുന്നതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നതും പതിവായതായും പരാതി ഉയര്‍ന്നു. ദിവസം 1200 ഓളം ബസുകള്‍ കയറി ഇറങ്ങുന്ന സ്റ്റാന്‍ഡില്‍ ഓണക്കാലമായാല്‍ യാത്രക്കാരുടെ തിരക്കും കുടും. അതിനനുസരിച്ച് സര്‍വീസും വര്‍ദ്ധിക്കും. ഈ സമയം ബസുകള്‍ കേടുവന്നാല്‍ അത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകും. സ്റ്റാന്‍ഡില്‍ കയറുന്ന ഭാഗത്തും മധ്യഭാഗത്തും വര്‍ക്ക്ഷോപ്പിന് സമീപവുമാണ് നിരവധി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇവ നന്നാക്കേണ്ടത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ അതിനുള്ള ഫണ്ട് അനുവദിക്കാന്‍ കഴിയില്ല. മഴ തുടങ്ങിയതോടെ കുഴികളില്‍ വെള്ളം തങ്ങിനില്‍ക്കുന്നത് കൂടുതല്‍ അപകടത്തിനും ഇടയാക്കും. മറ്റ് സ്റ്റാന്‍ഡുകളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്റ്റേഷനുകള്‍ നവീകരിച്ചിട്ടുണ്ട്. ഒരു പ്രവേശനകാവാടത്തില്‍ കഴിഞ്ഞ തവണ വി.എസ്.. സുനില്‍കുമാറിന്‍റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ടൈല്‍ വിരിച്ചിരുന്നു. സ്റ്റാന്‍റിലെ അപകടാവസ്ഥ തുടറന്നുകാട്ടി ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.