തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സിറ്റി ബസുകളില്‍ ഓണ്‍ലൈന്‍ പണമിടപാട് പരീക്ഷിക്കും. പ്രാരംഭ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വിസുകളിലും പോയിന്‍റ് ടു പോയിന്‍റ് സര്‍വിസുകളിലും ഡിസംബര്‍ 28 മുതല്‍ പരീക്ഷണാര്‍ഥം ഓണ്‍ലൈന്‍ പണമിടപാട് ആരംഭിക്കും.
ടിക്കറ്റിങ്ങിനായി ഡിജിറ്റല്‍ പണമിടപാടുകള്‍ ഉള്‍പ്പെടുത്തിയും യാത്രക്കാര്‍ക്ക് ബസ് സമയ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും, ബസുകളുടെ ലൈവ് അപ്ഡേറ്റ്സ് അറിയുന്നതിനും ‘ചലോ ആപ്ലിക്കേഷന്‍’ ഉള്‍പ്പെടുത്തിയുമാണ് പുതിയ ആന്‍ഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നത്.
ഓണ്‍ലൈന്‍ പണമിടപാട് നടപ്പാക്കുന്ന ബസുകളില്‍ യാത്രക്കാര്‍ക്ക് യു.പി.ഐ, ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സംവിധാനങ്ങളുപയോഗിച്ചും ടിക്കറ്റ് എടുക്കാനാകും. ബസുകളുടെ ലൈവ് ലൊക്കേഷനും ചലോ ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും.
പരീക്ഷണഘട്ടത്തില്‍ പോരായ്മകളോ അപാകതകളോ ശ്രദ്ധയില്‍പെട്ടാല്‍ അത് പൂര്‍ണമായും പരിഹരിച്ചാകും പദ്ധതി ഔദ്യോഗികമായി നടപ്പാക്കുക.
നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളിലും ഈ സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം.