തിരുവനന്തപുരം: ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി.കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. യോഗത്തിന്‍റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.കെഎസ് ആര്‍ടിസി ചീഫ് ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ സംയുക്ത സംഘടനകള്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. 27 ന് ഗതാഗത മന്ത്രി വിളിച്ച ചര്‍ച്ചയുടെ തരീരുമാനം അറിഞ്ഞ ശേഷം സമരം പിന്‍വലിക്കണോയെന്ന് ആലോചിക്കുമെന്നായിരുന്നു നേരത്തെ യൂണിയനുകള്‍ പ്രഖ്യാപിച്ചത്. ചര്‍ച്ച മാറ്റിവെച്ച സാഹചര്യത്തില്‍ സമരവും തുടരും.
ശമ്പള വിതരണം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.ശമ്പളം ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനാണ് കെ എസ് ആര്‍ ടി സി പ്രഥമ പരിഗണന നല്‍കേണ്ടത്. എല്ലാമാസവും അഞ്ചിനകം ശമ്പളം കിട്ടുമെന്ന് ഉറപ്പാക്കണം. അതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഹൈലെവല്‍ കമ്മിറ്റി തീരുമാനം എടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.കെ എസ് ആര്‍ ടി സിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ മാസം തോറും 30 കോടി കൊടുക്കുകയല്ല വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്.
നിലവിലുള്ള 3500 കോടിരൂപയുടെ ബാങ്ക് ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കണം. അങ്ങനെ വന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കെ എസ് ആര്‍ ടി സിക്ക് സാധിക്കുമെന്നും കോടതി പറഞ്ഞു. നിലവില്‍ 192 കോടി രൂപയുടെ പ്രതിമാസ വരുമാനം കെ എസ് ആര്‍ ടി സിക്കുണ്ട്. ഇതില്‍ നിന്നും ശമ്പളത്തിനും ഡീസലിനുമുള്ള തുക കണ്ടെത്താനാകില്ലേയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ഈ മാസത്തെ വരുമാനം അടുത്ത മാസം 5 ന് മുന്‍പ് ശമ്പളം നല്‍കാന്‍ ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ജീവനക്കാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു.
