കോതമംഗലം: ജംഗിള്‍ സഫാരിക്ക് ആവശ്യക്കാരേറിയതോടെ കൂടുതല്‍ ദിവസങ്ങളില്‍ ട്രിപ്പ് ഒരുക്കി കെ.എസ്.ആര്‍.ടി.സി.
വനസൗന്ദര്യം നുകര്‍ന്നും വന്യജീവികളെ കണ്ടും മൂന്നാറിലേക്ക് ഒരു ഒഴിവുദിന സഞ്ചാരത്തിനായി കെ.എസ്.ആര്‍.ടി.സി കോതമംഗലം ഡിപ്പോ ട്രിപ്പ് ആരംഭിച്ചത്. കോതമംഗലം ഡിപ്പോയില്‍നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിന് വനപാതയിലൂടെയും തിരികെ അടിമാലി, നേര്യമംഗലം വഴിയുമാണ് മടക്കം. നവംബര്‍ 28ലെ ആദ്യ ട്രിപ്പ് വന്‍ വിജയമാവുകയും കൂടുതല്‍ ട്രിപ്പുകള്‍ ആവശ്യപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ എത്തുകയും ചെയ്തതോടെ ഞായറാഴ്ച മാത്രം ലക്ഷ്യമിട്ടുതുടങ്ങിയ യാത്ര ഇടദിവസങ്ങളിലും തുടരും. ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ബുധനാഴ്ചയും യാത്രക്കാരുമായി ആനവണ്ടി മാമലകള്‍ താണ്ടി.
ഇതോടെ ഇനിമുതല്‍ ശനിയും ഞായറും സര്‍വിസ് നടത്താനാണ് അധികൃതരുടെ തീരുമാനം. ബുക്കിങ് കൂടുന്ന മുറക്ക് മറ്റു ദിവസങ്ങളിലും നടത്തും. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ എട്ടിനാരംഭിച്ച് രാത്രി ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പുതിയ ട്രിപ്പ്. ഉച്ചയൂണും വൈകീട്ട് ചായയും ഉള്‍പ്പെടെ ട്രയല്‍ ട്രിപ്പില്‍ 500 രൂപ ആയിരുന്നത് 550 ആക്കി ഉയര്‍ത്തി. ഞായര്‍ ഒഴികെ ദിവസങ്ങളില്‍ 10 മുതല്‍ അഞ്ചുവരെ സമയത്ത് 9447984511 നമ്പറില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.