കണ്ണൂര്‍:മാങ്ങാട്ടുപറമ്പ് കെല്‍ട്രോണ്‍ കോംപണന്‍റ് കോംപ്ലക്സില്‍ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന പ്ലാന്‍റ് നിര്‍മാണം ആദ്യഘട്ടം ഒരുമാസത്തിനകം പൂര്‍ത്തിയാകും. പ്ലാന്‍റ് സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും. 18 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണം. രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദന പ്ലാന്‍റാണ് മാങ്ങാട്ടുപറമ്പില്‍ തുടങ്ങുന്നത്. രണ്ട് ഘട്ടമായി 36 കോടി രൂപ ചെലവില്‍ ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാന്‍റില്‍ മെഷിനറികള്‍ സജ്ജീകരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി.
ആദ്യഘട്ടത്തില്‍ വിദഗ്ധരുടെ സഹായത്തോടെയാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുക. നിലവിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. രണ്ടാംഘട്ടം സൂപ്പര്‍ കപ്പാസിറ്ററുകളുടെ സാങ്കേതിക വികസനത്തിനുള്ള ഗവേഷണവും തുടര്‍പ്രവര്‍ത്തനവുമാണ് നടക്കുക. പൂര്‍ണതോതില്‍ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനം അടുത്ത വര്‍ഷം തുടങ്ങും. നിലവില്‍, രാജ്യത്ത് വാണിജ്യാവശ്യത്തിനുളള സൂപ്പര്‍ കപ്പാസിറ്ററുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബഹിരാകാശ പര്യവേക്ഷണം, പ്രതിരോധ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇത്തരം കപ്പാസിറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിനും സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആവശ്യമാണ്. കുറഞ്ഞ സമയംകൊണ്ട് ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാള്‍ പത്തുമുതല്‍ നൂറിരട്ടിവരെ ഊര്‍ജം സംഭരിക്കാന്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്കാകും.
റീചാര്‍ജബിള്‍ ബാറ്ററികളേക്കാള്‍ കൂടുതല്‍ തവണ ഊര്‍ജം ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും ഇവയ്ക്ക് സാധിക്കും.