റിയാദ്: രാജ്യത്തെ കെട്ടിടങ്ങളുടെ ബാല്‍ക്കണികളിലെ രൂപത്തിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി മന്ത്രാലയം. നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുന്നതാണ്. മുനിസിപ്പല്‍ ഗ്രാമവികസന പാര്‍പ്പിട മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുവാദം ലഭിക്കാതെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
സൗദിയിലെ ബില്‍ഡിംഗ് കോഡിനനുസരിച്ചുള്ള രൂപത്തിലും ശൈലിയിലും മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും പാടുള്ളൂവെന്ന് മുനിസിപ്പല്‍ ഗ്രാമവികസന പാര്‍പ്പിട മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. അംഗീകൃത എന്‍ജിനീയര്‍മാരുടെ പ്ലാന്‍ അനുസരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുമതി നേടിയായിരിക്കണം നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തേണ്ടത്. കൂടാതെ അറ്റകുറ്റപ്പണികള്‍ നടത്താനും മുനിസിപ്പാലിറ്റികളുടെ അനുമതി വേണം. കെട്ടിടങ്ങള്‍ക്കുള്ള പൊതു ഭംഗിക്ക് കോട്ടം വരുത്തും വിധമുള്ള നിര്‍മ്മിതികളുണ്ടാക്കുന്നതിനും വിലക്കുണ്ട്.
കെട്ടിടത്തിന്‍റെ നിര്‍മ്മാണ ശൈലിക്ക് യോജിക്കാത്ത രൂപമോ ഡെക്കറേഷനുകളോ ബാല്‍ക്കണികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. ചട്ട വിരുദ്ധമായി നിറങ്ങള്‍ നല്‍കുകയോ നിര്‍മിതികളുണ്ടാക്കുകയോ ചെയ്താല്‍ കനത്ത പിഴ നല്‍കേണ്ടിവരും.