തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ കെടിയു താത്ക്കാലിക വിസിയായി സ്ഥാനമേറ്റതില്‍ സിസ തോമസിനോട് ഇന്ന് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദേശം.വിസി നിയമനത്തില്‍ ചട്ടലംഘനം ആരോപിച്ച് സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നല്‍കിയ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്ന് ട്രൈബൂണല്‍ അറിയിച്ചതിന് പിന്നാലെയാണ് വിരമിക്കല്‍ ദിനമായിട്ടും ഇന്ന് രാവിലെ 11.30ന് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയ്ക്ക് മുന്‍പാകെ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് സിസാ തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെന്ന നിലയില്‍ ചട്ടലംഘനം നടത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ നല്‍കിയ ഹര്‍ജിയില്‍ ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് മാര്‍ച്ച് 16ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികള്‍ സ്വീകരിക്കരുതെന്നും അന്ന് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹര്‍ജി തള്ളിയത്. സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നും എന്നാല്‍ നടപടിയെടുക്കും മുന്‍പ് സിസ തോമസിന്‍റെ ഭാഗം കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്‍റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടക്കാല കെടിയു വിസിയായി നിയമിച്ചത്. ഈ ചുമതലയില്‍ നിന്നും സര്‍വീസില്‍ നിന്നും സിസ തോമസ് ഇന്ന് വിരമിക്കും.