കെജ് രിവാളിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Latest News

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ആശ്വാസമില്ല. കേജ്രിവാളിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി.ഇടക്കാല ജാമ്യത്തില്‍ കേജ്രിവാളിനെ വിട്ടയച്ചാലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേജ്രിവാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി ജാമ്യം അനുവദിച്ചില്ല. കേജ്രിവാളിന്‍റെ ജാമ്യഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേജ്രിവാളിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്. മാര്‍ച്ച് 21 മുതല്‍ ഇ.ഡി കേസില്‍ കസ്റ്റഡിയിലാണ് കേജ്രിവാള്‍. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാലും മുഖ്യമന്ത്രി എന്ന നിലയില്‍ കേജ്രിവാള്‍ ഫയലുകളില്‍ ഒപ്പുവയ്ക്കുമോ എന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനായ മനു അഭിഷേക് സിഗ്വിയോട് കോടതി ചോദിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനം എടുക്കില്ല എന്നായിരുന്നു സിംഗ്വിയുടെ മറുപടി. തുടര്‍ന്നാണ് ഇടക്കാല ജാമ്യം നല്‍കിയാലും കേജ്രിവാളിനെ ഫയലുകളില്‍ ഒപ്പിടാന്‍ സമ്മതിക്കില്ലെന്ന് കോടതി പറഞ്ഞത്.
കേജ്രിവാള്‍ ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും ഇപ്പോള്‍ ഇലക്ഷന്‍ സമയമാണെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതി അത്തരത്തില്‍ തീരുമാനിക്കുന്നതിനെ ഇ.ഡി എതിര്‍ത്തു. മദ്യനയകേസിലെ അന്വേഷണം കേജ്രിവാളിന് എതിരെയായിരുന്നില്ലെന്നും അന്വേഷണത്തിനൊടുവില്‍ അദ്ദേഹത്തിന്‍റെ പങ്ക് വെളിപ്പെടുകയായിരുന്നെന്നും ഇ.ഡിയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡി.സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു പറഞ്ഞു. അതേസമയം കേസില്‍ ഇ.ഡിയുടെ മെല്ലെപോക്കിനെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *