വെള്ളരിക്കുണ്ട്: മലയോര ഡിപ്പോയ്ക്കായി കെഎസ്ആര്‍ടിസി അധികൃതര്‍ സ്ഥലപരിശോധന നടത്തി. ഒടയംചാലിലും പരപ്പ പുലിയന്‍കുളത്തുള്ള സ്ഥലവും ബളാല്‍ അമ്പലത്തിന് സമീപവും വള്ളിക്കടവുള്ള സ്ഥലവുമാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. മലയോര മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ 4050 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞങ്ങാട് അഥവാ പയ്യന്നൂര്‍ ഡിപ്പോയില്‍നിന്ന് മെക്കാനിക്കും മറ്റും വരേണ്ട അവസ്ഥയാണുള്ളത്. ഇതുമൂലം കെഎസ്ആര്‍ടിസി ബസുകളെ കൂടുതലായും ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.
കൂടാതെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ട്രെയിന്‍ സൗകര്യമില്ലാത്ത മലയോര മേഖലയിലേക്കുള്ള സര്‍വീസുകള്‍ കാര്യക്ഷമമാക്കാനും വരുമാനം വര്‍ധിപ്പിക്കാനും വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രീകരിച്ച് സബ് ഡിപ്പോ അനുവദിച്ചാല്‍ ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദവും കെഎസ്ആര്‍ടിസിക്ക് ഗുണകരവുമായിരിക്കും. വെള്ളരിക്കുണ്ട് താലൂക്കില്‍ അനുയോജ്യമായ സ്ഥലം ലഭിക്കുമെന്ന് അധികൃതരെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിന്‍റെ എല്ലാ മേഖലയ്ക്കും ഗുണം ലഭിക്കുന്ന രീതിയില്‍ മലയോര മേഖലയില്‍ കെഎസ്ആര്‍ടിസി സബ്ഡിപ്പോയോ ഓപ്പറേറ്റിംഗ് സെന്‍ററോ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, സിപിഎം പരപ്പ കമ്മിറ്റി, മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷന്‍, വെള്ളരിക്കുണ്ട് പ്രസ് ഫോറം, വ്യാപാരി വ്യവസായി ഏകോപന സമിതിവെള്ളരിക്കുണ്ട്, ബളാല്‍ യൂണിറ്റുകള്‍ എന്നീ സംഘടനകള്‍ ഗതാഗതമന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും നിവേദനം നല്‍കിയിരുന്നു.