തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള, പെന്‍ഷന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു.ഗതാഗത മന്ത്രി ആന്‍റണി രാജുവും ധനമന്ത്രി കെ ബാലഗോപാലും ഉള്‍പ്പെടെയുള്ളവരുടെ മന്ത്രിതല യോഗമാണ് ബുധനാഴ്ച മുഖ്യമന്ത്രി വിളിച്ചത്.
പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇത് ജീവനക്കാര്‍ക്കിടയിലും സംഘടനയിലും മുറുമുറുപ്പ് ശക്തമാക്കിയിരിക്കുകയാണ്. ശമ്പളപരിഷ്കരണം യാഥാര്‍ഥ്യമാക്കാന്‍ ജീവനക്കാരുടെ സംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ കഴിയാത്ത സാഹചര്യം ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ ശമ്പള പരിഷ്കരണവും കെഎസ്ആര്‍ടി സിയില്‍ ഇനിയും യാഥാര്‍ഥ്യമാക്കാനായിട്ടില്ല.പണിമുടക്ക് പ്രഖ്യാപിച്ച് സമരം ശക്തമാക്കാനുള്ള തീരുമാനവുമായി യൂണിയനുകള്‍ മുന്നോട്ടു പോയാല്‍ അത് സര്‍ക്കാരിന് തലവേദനയുണ്ടാക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്.
പെന്‍ഷന്‍ വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സ!ര്‍ക്കാരില്‍ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. കുടിശ്ശിക ലഭിക്കാതെ ഇനിയും ഇത് തുടരാനാകില്ലെന്ന് ശക്തമായ നിലപാടിലാണ് സഹകരണബാങ്കുകള്‍. പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്‍റെ വിശദീകരണം. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 ,6 തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ 5നും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭരാണാനുകൂല സംഘടനയായ എംപ്ലോയിസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.