ന്യൂഡല്‍ഹി: ലോകം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞര്‍ കൃഷ്ണനും ഹനുമാനുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.’ദ ഇന്ത്യ വേ സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടന്‍ വേള്‍ഡ് എന്ന പുസ്തകത്തിന്‍റെ മറാത്തി പരിഭാഷയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഹനുമാന്‍ നയതന്ത്രത്തിനും അപ്പുറം പോയ വ്യക്തിയാണ്. തന്നെ ഏല്‍പിച്ച ദൗത്യം കടന്നു, സീതയെ കണ്ടു ലങ്കയും കത്തിച്ചു. തന്ത്രപ്രധാനമായ ക്ഷമയില്‍ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃകയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശിശുപാലന്‍റെ നൂറു തെറ്റുകള്‍ ക്ഷമിക്കുമെന്ന് കൃഷ്ണന്‍ വാക്ക് നല്‍കി. നൂറെണ്ണമായാല്‍ ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ധാര്‍മ്മിക ഗുണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജയശങ്കര്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഭീകരത ഇല്ലാതാക്കുന്നതില്‍ പാകിസ്ഥാന്‍ കാര്യക്ഷമമല്ലെന്നും അതിനുള്ള തിരിച്ചടി ആഗോളതലത്തില്‍ നിന്നും ഇതിനോടകം ലഭിച്ചുകഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. പ്രതിസന്ധികളുണ്ടാകുന്ന സമയത്ത് മറ്റ് രാജ്യങ്ങള്‍ സഹായിക്കണമെങ്കില്‍ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികള്‍ നന്നാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.